കുവൈത്ത് സിറ്റി : യാത്രക്കാർ കുറഞ്ഞതോടെ കുവൈത്തിലേക്കുള്ള സർവീസ് നിർത്തിവച്ച് 14 രാജ്യാന്തര വിമാന കമ്പനികൾ. ഉയർന്ന ഇന്ധന വിലയും കടുത്ത മത്സരവും ഇതിനു ആക്കം കൂട്ടിയെന്നും കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. 60 വർഷത്തിലേറെയായി കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവെയ്സിന് പുറമെ ലുഫ്താൻസ, കെഎൽഎം തുടങ്ങി 14 വിമാന കമ്പനികളാണ് സമീപ കാലങ്ങളിലായി കുവൈത്ത് സർവീസ് നിർത്തിവച്ചത്.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെയും യാത്രക്കാർക്കുള്ള സേവനങ്ങളുടെയും പോരായ്മയും സേവനം നിർത്താൻ വിമാന കമ്പനികളെ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചു. 2023ൽ 1.56 കോടി യാത്രക്കാർ എത്തിയിരുന്നത് 2024ൽ 1.54 കോടിയായി കുറഞ്ഞു.

കൂടുതൽ വിമാന കമ്പനികൾ സേവനം നിർത്തിയതിനാൽ ഈ വർഷം യാത്രക്കാരുടെ എണ്ണം ഇനിയും കുറയുമെന്നാണ് സൂചന. പ്രാദേശിക, മേഖലാ വിമാന കമ്പനികൾ ഈ അവസരം മുതലെടുത്ത് കൂടുതൽ സർവീസ് നടത്താൻ മുന്നോട്ടുവരികയാണെങ്കിൽ തൽക്കാലം യാത്രക്കാർക്ക് പ്രയാസമുണ്ടാകില്ല. എന്നാൽ, മത്സരം കുറയുന്നത് നിരക്ക് കൂട്ടാൻ എയർലൈനുകളെ പ്രേരിപ്പിച്ചേക്കും.