വാഷിങ്ടൺ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും.
യുഎസ്-കാനഡ ബന്ധങ്ങളും വ്യാപാര തർക്കങ്ങളും നിലനിൽക്കെ ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായി മാർക്ക് കാർണി പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിലുള്ള ഒരു വലിയ സാമ്പത്തിക, സുരക്ഷാ കരാറിന് ഈ കൂടിക്കാഴ്ച തുടക്കം കുറിക്കുമെന്ന് കാർണി വ്യക്തമാക്കി.

കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ (CUSMA) കരാറിന്‍റെ പുനർചർച്ചകൾ അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെയും പ്രസിഡൻ്റിന്‍റെയും കൂടിക്കാഴ്ച. കാനഡയ്ക്ക് ഏറ്റവും മികച്ച കരാർ ലഭിക്കാൻ സർക്കാർ പോരാടുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു.
അതേസമയം മാർക്ക് കാർണിയുടെ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്ന് ട്രംപ് പറഞ്ഞു. മാർക്ക് കാർണി യുഎസുമായി കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു.