ഓട്ടവ: തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുന്നോട്ടുള്ള പാത ആസൂത്രണം ചെയ്യുന്നതിനായി കൺസർവേറ്റീവ് പാർട്ടി ഇന്ന് ഓട്ടവയിൽ യോഗം ചേരും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ് എംപിമാരും യോഗത്തിൽ പങ്കെടുക്കും.
20 വർഷത്തിനു ശേഷം കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് കാൾട്ടൺ റൈഡിങിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം കൺസർവേറ്റീവ് എംപിമാർ പൊളിയേവ് പാർട്ടി ലീഡറായി തുടരുന്നതിന് പിന്തുണ അറിയിച്ചിരുന്നു.

കാൾട്ടൺ റൈഡിങിൽ പൊളിയേവ് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനെ തുടർന്ന് ഹൗസ് ഓഫ് കോമൺസിൽ പ്രതിപക്ഷ നേതാവായി ആര് ചുമതലയേൽക്കുമെന്ന് ഇന്ന് നടക്കുന്ന കോക്കസ് ചർച്ച ചെയ്യും. കൂടാതെ പാർട്ടി നേതൃത്വത്തെ അവലോകനം ചെയ്യുന്നതിനായി കോക്കസ് അംഗങ്ങൾക്ക് രഹസ്യ ബാലറ്റ് വോട്ട് അഭ്യർത്ഥിക്കാൻ അനുവദിക്കുന്ന പരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും ചർച്ച ചെയ്യും.
അതേമയം പിയേർ പൊളിയേവ് ആൽബർട്ടയിലെ ബാറ്റിൽ റിവർ- ക്രൗഫൂട്ടിൽ വീണ്ടും മത്സരിക്കും. നിലവിലെ എംപി ഡാമിയൻ കുറേക് സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ സന്നദ്ധതയറിയിച്ചതോടെയാണ് പൊളിയേവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.