വത്തിക്കാൻ സിറ്റി :പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ബുധനാഴ്ച തുടക്കമാകും. ഇതിനായുള്ള ഒരുക്കങ്ങൾ പുർത്തിയായതായും കോൺക്ലേവിൽ പങ്കെടുക്കേണ്ട 133 കർദിനാൾമാരും റോമിൽ എത്തിയതായും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
പ്രത്യേക കുർബാനയോടെയാകും ബുധനാഴ്‌ച കോൺക്ലേവ് ആരംഭിക്കുക.കോൺക്ലേവിൽ കർദിനാൾമാരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവർ പോളീൻ ചാപ്പലിൽ സത്യപ്രതിജ്ഞയെടുത്തു. കോൺക്ലേവിൽ പാലിക്കേണ്ട രഹസ്യാത്മകതയും നിബന്ധനകളും സംബന്ധിച്ചാണ് പ്രതിജ്ഞ. കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ സാന്താ മാർത്താ അതിഥി മന്ദിരത്തിലാണ് താമസിക്കുക. ഇന്ത്യയിൽനിന്നുള്ള സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്.

വത്തിക്കാൻ മുൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളാണ് കോൺക്ലേവിന്റെ അധ്യക്ഷൻ. യുക്രെയ്ൻ സ്വദേശിയായ 44 വയസ് മാത്രം പ്രായമുള്ള മൈക്കോള ബൈചോക്ക് ആണ് കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ. ഓസ്‌ട്രേലിയയിൽനിന്നുള്ള കർദിനാളാണ്.