വാഷിങ്ടൺ: കാനഡയിൽ നിന്ന് യുഎസിന് ഒന്നും ആവശ്യമില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇന്ന് വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് അദ്ദേഹം ഇക്കാര്യം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രധാനമന്ത്രി മാർക്ക് കാർണി, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസിൽ തുടക്കമായി.

എന്നാൽ, കാനഡയ്ക്ക് അമേരിക്ക വർഷംതോറും 20,000 കോടി ഡോളർ സബ്‌സിഡി നൽകുന്നുവെന്നും, സൗജന്യ സൈനിക സംരക്ഷണവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം കാനഡയിൽ നിന്നുള്ള കാറുകൾ, ഊർജ്ജം, മരം തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ട ആവശ്യം അമേരിക്കയ്ക്കില്ലെന്നും, എന്നാൽ കാനഡയുടെ സൗഹൃദം മാത്രമാണ് വിലമതിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കാനഡ അമേരിക്കയെ വലിയ തോതിൽ ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൂടാതെ കാർണിയുമായുള്ള ചർച്ചകളിൽ സബ്‌സിഡി വിഷയമായിരിക്കും തന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്നും വ്യക്തമാക്കി.