കാൽഗറി : ആൽബർട്ടയിലെ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അന്വേഷണ അധികാരത്തെ ദുർബലപ്പെടുത്തുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ. കഴിഞ്ഞ മാസം അവതരിപ്പിച്ച വിവാദ ബിൽ, നിയമം ലംഘിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും നടപടികൾക്കുമുള്ള കമ്മീഷണറുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക സംഭാവന നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കാനുള്ള സമയപരിധി, മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കുന്നതും ഇതിൽ പ്രധാനമാണ്. ഇത് നിലവിലുള്ള പല സുപ്രധാന അന്വേഷണങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചീഫ് ഇലക്ടറൽ ഓഫീസർ ആൽബർട്ട സർക്കാരിനയച്ച ഈമെയിലിൽ ആണ് ഇക്കാര്യം പരാമർശിക്കുന്നത്.

ഈ മാറ്റങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാക്കുമെന്നും അദ്ദേഹം മെയിലിൽ പറയുന്നു. എവിടെയും വോട്ട് ചെയ്യാമെന്ന സൗകര്യം നിർത്തലാക്കൽ, തിരിച്ചറിയലിനായി മറ്റൊരാൾ സാക്ഷ്യപ്പെടുത്തുന്ന രീതി ഇല്ലാതാക്കൽ, പ്രത്യേക ബാലറ്റുകളുടെ സമയക്രമത്തിലെ മാറ്റങ്ങൾ എന്നിവയും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണെന്നും ജനാധിപത്യം സംരക്ഷിക്കാനും തിരഞ്ഞെടുപ്പുകൾ ന്യായവും തുറന്നതുമാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് നീതിന്യായ മന്ത്രി മിക്കി അമേരി പ്രതികരിച്ചു.
അതേസമയം, ഈ നിയമം വോട്ടർമാരെ അടിച്ചമർത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കള്ളപ്പണം കൊണ്ടുവരാനും ഇടയാക്കുമെന്ന് പ്രതിപക്ഷമായ എൻഡിപി ആരോപിച്ചു. നിയമം പാസാക്കിയാൽ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ഗുരുതരമാക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി.