മൺട്രിയോൾ : കെബെക്കിലെ ഏഴ് വെയർഹൗസുകൾ അടച്ചുപൂട്ടിയ ആമസോണിനെതിരെ തൊഴിലാളി യൂണിയൻ നിയമനടപടി ആരംഭിച്ചു. കെബെക്ക് ലേബർ ട്രൈബ്യൂണലാണ് കേസ് പരിഗണിക്കുന്നത്. മൺട്രിയോളിൽ സ്ഥിതിചെയ്യുന്ന ആമസോൺ സ്ഥാപനത്തിലെ ജീവനക്കാർ CSN യൂണിയനിൽ ചേർന്നതിന് പിന്നാലെ കമ്പനി 1,700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏഴ് വെയർഹൗസുകളും അടച്ചത് നിയമവിരുദ്ധമാണെന്നും പിരിച്ചുവിട്ടവർക്ക് ഒരു വർഷത്തെ ശമ്പളം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ യൂണിയനിൽ അംഗത്വമില്ലാത്ത ആറ് വെയർഹൗസുകളിലെ തൊഴിലാളികളെ ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്നും ലാവലിലെ യൂണിയൻ അംഗങ്ങളായ 287 തൊഴിലാളികളുടെ വിഷയം മാത്രമേ പരിഗണിക്കാവൂ എന്നുമാണ് ആമസോണിന്റെ ആവശ്യം.

അതേസമയം, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി CSN പ്രസിഡന്റ് കരോലിൻ സെന്നെവിൽ പറഞ്ഞു. യൂണിയൻ പ്രവർത്തനം കാരണമല്ല അടച്ചുപൂട്ടിയതെന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണെന്നും ആമസോൺ അറിയിച്ചു. പിരിച്ചുവിട്ടവർക്ക് 14 ആഴ്ച വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിട്ടുണ്ടെന്നും ആമസോൺ വക്താവ് സ്റ്റീവ് കെല്ലി പറഞ്ഞു.
അടുത്ത കുറച്ച് മാസങ്ങളിൽ കേസിൽ വാദം കേൾക്കൽ നടക്കും.