സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ സ്കൂളുകളിൽ കുട്ടികൾ വേനലവധിയിൽ പട്ടിണിയിലാവുമെന്ന മുന്നറിയിപ്പുമായി അധ്യാപകർ. 2024 ലെ കണക്കനുസരിച്ച്, കാനഡയിലെ പ്രവിശ്യകളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ന്യൂബ്രൺസ്‌വിക്കിനൊപ്പം ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ മുൻപന്തിയിലാണ്. ഈ യാഥാർത്ഥ്യം തങ്ങളുടെ അധ്യാപകർ നേരിട്ട് കാണുന്നുണ്ടെന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലാങ്ഡൺ പറഞ്ഞു. വിശക്കുന്ന കുട്ടികൾ സ്കൂളിലെത്തുന്നത് അവരുടെ പഠനത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് രഹസ്യമായി ഭക്ഷണം നൽകുന്ന അധ്യാപകരുടെ എണ്ണം വർധിച്ചുവരുന്നതായും ലാങ്ഡൺ വെളിപ്പെടുത്തി.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെയും ന്യൂബ്രൺസ്‌വിക്കിലെയും 18 വയസ്സിൽ താഴെയുള്ള ഏകദേശം 40% കുട്ടികൾക്കും 2024 ൽ മതിയായ ഭക്ഷണമില്ലാത്ത അവസ്ഥയായിരുന്നുവെന്ന് ടൊറന്റോ സർവകലാശാലയിലെ പ്രൂഫ് ഗവേഷണ സംഘത്തിന്റെ റിപ്പോർട്ട് പറയുന്നു. കാനഡയിലെ മറ്റ് പ്രവിശ്യകളിലെയും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തുടനീളം നാലിലൊന്ന് ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്നും ഇത് റെക്കോർഡ് നിരക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭക്ഷ്യ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന പ്രവിശ്യകളിൽ, ആൽബർട്ടയും സസ്‌കാച്വാനുമാണ് മുന്നിൽ. മൂന്നാം സ്ഥാനത്താണ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ.
‘സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭക്ഷണം കിട്ടാത്ത അവസ്ഥയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ. ഇത് ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. ദാരിദ്ര്യം കുറയ്ക്കാൻ സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.’- ഫുഡ് ഫസ്റ്റ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്ന സംഘടന ആവശ്യപ്പെട്ടു.

അതേസമയം, പലർക്കും ഇപ്പോൾ ഭക്ഷണം വാങ്ങാൻ പോലും പണമില്ലെന്ന് സിംഗിൾ പാരന്റ് അസോസിയേഷൻ പറയുന്നു. വാടകയും കറന്റ് ബില്ലും കൂടിയതാണ് ഇതിന് പ്രധാന കാരണം. വേനലവധിയിൽ സ്കൂളുകൾ അടക്കുമ്പോൾ കുട്ടികൾക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥ കൂടുതൽ മോശമാകും. അതിനാൽ സർക്കാർ അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു. സാധനങ്ങളുടെ വില കുറയ്ക്കാനും വിദൂര സ്ഥലങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ചിലവ് കുറയ്ക്കാനും സർക്കാർ ശ്രമിക്കണം എന്നും അവർ കൂട്ടിച്ചേർത്തു.