ന്യൂയോർക്ക് : യുഎസിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് നികുതി ചുമത്താൻ നീക്കവുമായി യുഎസ് സർക്കാർ. അമേരിക്കയിൽ സ്ഥിരതാമസക്കാരല്ലാത്ത ആളുകൾ സ്വന്തം രാജ്യത്തേക്ക് പണം അയക്കുമ്പോൾ അഞ്ചുശതമാനം നികുതി നൽകണം എന്ന ബിൽ പാസാക്കാനാണ് സർക്കാർ ശ്രമം. പുതിയ ബിൽ പാസായാൽ എച്ച്1ബി വീസ ഉടമകളെയും എഫ്1 വീസ ഉടമകളെയും ബാധിക്കും. ഗ്രീൻ കാർഡ് ഉടമകൾക്കും ഈ നീക്കം തിരിച്ചടിയായിരിക്കുകയാണ്. യുഎസിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം, നിക്ഷേപങ്ങളിൽ നിന്നോ സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നോ യുഎസിൽ അവർ സമ്പാദിക്കുന്ന ഏതു വരുമാനത്തിനും ബിൽ പ്രകാരം ഇനി നികുതി നൽകേണ്ടി വരും.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി നിർദ്ദേശമാണ് ഇതിന് പിന്നിൽ. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഇത് ഭീഷണിയാകും. 2025 മെയ് 12-നാണ് പുതിയ ബിൽ അവതരിപ്പിച്ചത്. സാധാരണയായി പണം അയക്കുന്ന വിദേശ തൊഴിലാളികൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. അമേരിക്കയുടെ നികുതി നയത്തിൽ വലിയ മാറ്റം കൊണ്ടുവരുന്ന നീക്കമാണിത്.
നികുതി വരുമാനം ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് നീക്കം. നിയമം പാസാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് രാജ്യത്തെ പൗരൻമാർക്ക് നികുതി ഇളവുകൾ നൽകാനാകും.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രവാസികളിൽ നിന്ന് വിദേശപണം സ്വീകരിക്കുന്ന രജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഏകദേശം 83 ബില്യൺ ഡോളർ ഓരോ വർഷവും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതിൽ ഒരു വലിയ പങ്ക് അമേരിക്കയിൽ നിന്നാണ്. പുതിയ നിയമം അനുസരിച്ച് നാട്ടിലേക്ക് ഒരു ലക്ഷം രൂപ അയച്ചാൽ, 5,000 രൂപ ഇനി നികുതിയായി നൽകേണ്ടിവരും. ഇതിനു മുൻപ് വിദേശത്തേക്ക് പണം അയക്കുന്നതിന് ഇങ്ങനെ നികുതി ഏർപ്പെടുത്തിയിരുന്നില്ല.

ജൂലൈ നാലിന് മുൻപ് ബിൽ നിയമമായേക്കും എന്നാണ് സൂചന. നിയമം പാസായാൽ, പണം അയക്കുന്ന സമയത്ത് തന്നെ അഞ്ചു ശതമാനം നികുതി ഈടാക്കും. നാട്ടിലേക്ക് അയക്കുന്ന പണത്തിൻ്റെ പരിധി നോക്കാതെയാകും നടപടി. അമേരിക്കൻ പ്രവാസികളുടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം കുറയ്ക്കുന്നതിനും യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രസ്തുത നികുതി എല്ലാ രീതിയിലുള്ള പണമിടപാടുകൾക്കും ബാധകമാണ്. സാധാരണ ബാങ്കുകൾ വഴിയും എൻആർഇ, എൻആർഒ അക്കൗണ്ടുകൾ വഴി പണം അയച്ചാലുമൊക്കെ നികുതി നൽകേണ്ടി വരും. വലിയ തുക അയക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈക്ക് മുൻപ് അയച്ചാൽ നികുതി നൽകേണ്ടി വരില്ല.