ഹാലിഫാക്സ്: നോവസ്കോഷയിലെ പിക്റ്റൗ കൗണ്ടിയിൽ നിന്നും രണ്ടാഴ്ചയിലേറെയായി കാണാതായ കുട്ടികൾക്കായി ഇന്ന് വ്യോമ, കര തിരച്ചിൽ നടത്തും. പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും മെയ് രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും നാല് വയസ്സുള്ള ജാക്ക് സള്ളിവനെയും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പിക്റ്റൗ കൗണ്ടി വനത്തിന്‍റെ 3.5 കിലോമീറ്റർ ചുറ്റളവിലാണ് ആദ്യ നാളുകളിൽ തിരച്ചിൽ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് ആറ് ദിവസം നീണ്ടുനിന്ന തീവ്രമായ കര, ജല തിരച്ചിൽ നടത്തി. അതേസമയം കുട്ടികളെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടതോടെ ഇരുവരുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും വനപ്രദേശത്ത് സഹോദരങ്ങൾ അതിജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.
കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പിക്റ്റൗ കൗണ്ടി ഡിസ്ട്രിക്റ്റ് ആർസിഎംപിയെ 902-485-4333 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സിനെ 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.