വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയോടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോടും തിങ്കളാഴ്ച സംസാരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പുടിനുമായും പിന്നാല സെലന്‍സ്‌കിയുമായും ഫോണ്‍ സംഭാഷണം നടത്തുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. വെടിനിര്‍ത്തല്‍ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും, എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ട്രംപ് കുറിപ്പില്‍ വിശദമാക്കുന്നത്. ശനിയാഴ്ചയാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം കുറിച്ചത്.

മൂന്ന് വര്‍ഷത്തിനിടയില്‍ റഷ്യയും യുക്രൈനും തമ്മില്‍ മുഖാമുഖം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് ഒരു ദിവസം പിന്നാലെയാണ് ട്രംപിന്റെ അറിയിപ്പ് എത്തുന്നത്. ഇസ്താബൂളില്‍ വച്ച് നടന്ന സമാധാന ചര്‍ച്ചകളുടെ ഫലത്തേക്കുറിച്ച് ട്രംപ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ദുര്‍ബലവും തയ്യാറെടുപ്പുമില്ലാതെ നടന്ന ചര്‍ച്ചയെന്നാണ് ഇസ്താബൂള്‍ ചര്‍ച്ചയെ സെലന്‍സ്‌കി നിരീക്ഷിച്ചത്. സമാധാന ചര്‍ച്ചയില്‍ മോസ്‌കോയ്ക്ക് താല്‍പര്യമില്ലെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തിയിരുന്നു.