കൊച്ചി: മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പൊലീസ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാറിനെ നടൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തതായും എഫ്ഐആറിലുണ്ട്.
കഴിഞ്ഞദിവസമാണ് വിപിൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിനെ സമീപിച്ചത്. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. ‘മാർക്കോ’യ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ‘ഗെറ്റ് സെറ്റ് ബേബി’ വൻ പരാജയമായിരുന്നെന്നും അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽനിന്ന് നിർമാതാക്കളായ ശ്രീഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയിൽ ആരോപിക്കുന്നു.

ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്നലെ കേസെടുത്തത്.