മൺട്രിയോൾ : ഓവർടൈം ജോലി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് സിൻഡികാറ്റ് ഡെസ് എംപ്ലോയീസ് ഡി റെസോ (Syndicat des employés de réseau) യൂണിയൻ. ജൂൺ 16 മുതൽ 20 വരെ പണിമുടക്കുമെന്നാണ് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ന്റെ ഭാഗമായ യൂണിയൻ അറിയിച്ചിരിക്കുന്നത്. ഇതോടെ ഹൈഡ്രോ-കെബെക്കിലെ മൂന്നാമത്തെ യൂണിയനാണ് പണിമുടക്ക് നോട്ടീസ് നൽകിയത്. സിൻഡികാറ്റ് ഡെസ് സ്പെഷ്യലിസ്റ്റ്സ് എറ്റ് പ്രൊഫഷണൽസ് (Syndicat des spécialistes et professionnels), സിൻഡികാറ്റ് ഡെസ് ഇൻഫെർമിയേഴ്സ് എറ്റ് ഇൻഫെർമിയേഴ്സ് ഡി ചാൻറ്റിയർ (Syndicat des infirmières et infirmiers de chantier) എന്നീ CUPE യൂണിയനുകൾ നേരത്തെ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു.
ഹൈഡ്രോ-കെബെക്കിന്റെ മുഴുവൻ വൈദ്യുതി ഗ്രിഡിന്റെയും ആസൂത്രണത്തിലും പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്ന 205 അംഗങ്ങളാണ് സിൻഡികാറ്റ് ഡെസ് എംപ്ലോയീസ് ഡി റെസോ യൂണിയനിലുള്ളത്. ഇവരുടെ പ്രവർത്തനങ്ങൾ സുപ്രധാനമായതിനാൽ അവശ്യ സേവനങ്ങൾ നിലനിർത്തേണ്ടതുണ്ടെന്ന് SCFP (FTQ യുമായി അഫിലിയേറ്റ് ചെയ്തത്) വ്യക്തമാക്കി. ലേബർ ട്രിബ്യൂണൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ജോലി സാഹചര്യങ്ങളും ഷെഡ്യൂളുകളും മാറ്റാനുള്ള കോർപ്പറേഷന്റെ നീക്കമാണ് യൂണിയനുകളുടെ പ്രധാന തർക്ക വിഷയം. യൂണിയനുകളുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും സമവായത്തിലെത്തിയിട്ടില്ല.