ടൊറന്റോ: ജിടിഎ, ടൊറന്റോ, ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുതീ പുക ഉയരാൻ സാധ്യതയുള്ളതിനാൽ വായു മലിനീകരണം രൂക്ഷമാകുമെന്ന് എൻവയൺമെൻ്റ് കാനഡ. വെള്ളിയാഴ്ച രാവിലെ വരെ കാട്ടുതീയിൽ നിന്നുള്ള പുക കാരണം പ്രദേശത്ത് വായുവിന്റെ ഗുണനിലവാരം മോശമാവുകയും ദൃശ്യപരത കുറയുകയും ചെയ്യും.
കാട്ടുതീ പുക പടർന്നതോടെ വടക്കൻ മാനിറ്റോബയുടെയും സസ്കാച്വാന്‍റെയും ചില ഭാഗങ്ങളിൽ വായുമലിനീകരണം രൂക്ഷമായതായി കാലാവസ്ഥ ഏജൻസി അറിയിച്ചിരുന്നു. കൂടാതെ കാനഡയിൽ വ്യാപകമായുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കൻ ഐക്യനാടുകളിൽ അതിരൂക്ഷമായ വായു മലിനീകരണത്തിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.