വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരുണ്ടെന്ന ആരോപണത്തില്‍നിന്ന് പിന്‍വാങ്ങി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. ഇതുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവെച്ച പോസ്റ്റ് മസ്ക് പിന്‍വലിച്ചു. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരേ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസ്ക് രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്ക് വ്യാഴാഴ്ച എക്സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന് വിശേഷിപ്പിച്ചാണ് മസ്ക് ഈ പോസ്റ്റ് എക്സില്‍ പങ്കുവെച്ചത്.

അതേസമയം, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മസ്ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്.ട്രംപിനെതിരേ മസ്ക് രംഗത്ത് വന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീന് ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.