കേരളത്തിലെ പ്രധാന നഗരങ്ങളിലെ ആറു സുപ്രധാന ആശുപ്രതികളെ ഉൾക്കൊള്ളിച്ചുള്ള ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നു. പാല മെഡ്സിറ്റി, കാരിത്താസ് കോട്ടയം, കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്, തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം എന്നീ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും കാർഡ് ഉപയോഗിക്കാം. ഒരു കുടുംബത്തിന് ഒരു കാർഡ് എന്ന നിലയിലാണ് ഇതിന്റെ പ്രവർത്തനം. ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ച് നിലവിൽ വന്ന പുതിയ ഹെൽത്ത് കാർഡ് പ്രകാരം, കാർഡ് ഹോൾഡേഴ്സിന് സ്പെഷ്യൽ ഡിസ്കൗണ്ടുകളും സ്പെഷ്യൽ പ്രിവിലേജുകളും അഫിലിയേറ്റഡ് ഹോസ്പിറ്റലുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ കനേഡിയൻ മലയാളികൾക്ക് ഫൊക്കാന മെഡിക്കൽ കാർഡ് സൗജന്യമാണ്.

രാജ്യാന്തര നിലവാരമുള്ള ആശുപത്രികളെയാണ് ഫൊക്കാന ഇതിന്റെ ഭാഗമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ, കോസ്മറ്റിക്ക് ചികിത്സകളും അമേരിക്കൻ മലയാളികൾക്ക് പ്രത്യേക പരിഗണന നൽകി സേവനം നൽകാൻ ഫൊക്കാന ഹെൽത്ത് കാർഡ് ഉപയോഗപ്പെടുന്നതിനോടൊപ്പം, നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധു ജനങ്ങളും മെഡിക്കൽ കാർഡ് വഴി പ്രത്യേക ചികിത്സ നൽകാനും ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്നുണ്ട്. ഹെൽത്ത് ചെക്ക് അപ്പും ഈ പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറിയും ആയിരുന്ന സമയത്ത് ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിച്ചു. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫിലിയേഷൻ. ഇന്ന് ആറ് ആശുപത്രികളെ ഉൾപ്പെടുത്തി ഈ പ്രോഗ്രാം വിപിലീകരിക്കുകയായിരുന്നു. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെ മുഖ്യ ഹോസ്പിറ്റലുകൾ ഇതിന്റെ ഭാഗമാകുമ്പോൾ നിരവധി മലയാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ പറയുന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലാണ് കാർഡ് പ്രാവർത്തികമാക്കിയത്.