മൺട്രിയോൾ : ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരങ്ങളിലൊന്നായി മൺട്രിയോൾ. പ്രയറികളിൽ നിന്നുള്ള കാട്ടുതീ പുക നഗരത്തിലേക്കും വ്യാപിച്ചതോടെ, വേൾഡ് എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ച് രാവിലെ 10:30 ഓടെ നഗരം ഇന്ത്യയിലെ ന്യൂഡൽഹിക്ക് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.

പുക വ്യാപനത്തിന് ശമനമില്ലാത്തതിനാൽ മൺട്രിയോളിൽ ഇപ്പോളും വായു ഗുണനിലവാര മുന്നറിയിപ്പ് നിലനിൽക്കുന്നതായി എൻവയൺമെന്റ് കാനഡ അറിയിച്ചു. താമസക്കാർ പരമാവധി സമയം വീടിനുള്ളിൽ ചെലവഴിക്കാനും നിർദ്ദേശമുണ്ട്. 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, ചെറിയ കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായു മലിനീകരണം പ്രത്യേകിച്ചും അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത, തലവേദന, നേരിയ ചുമ എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങൾ അനുഭവപ്പെടാം. ശ്വാസം മുട്ടൽ, നെഞ്ചുവേദന, അല്ലെങ്കിൽ കഠിനമായ ചുമ എന്നിവ കൂടുതൽ ഗുരുതരവും എന്നാൽ സാധാരണയല്ലാത്തതുമായ ലക്ഷണങ്ങളാണ്. സാഹചര്യം മോശമാണെന്ന് തോന്നുകയാണെങ്കിൽ, ഉടനടി വൈദ്യസഹായം തേടണമെന്നും ഏജൻസി അറിയിച്ചു.