ടൊറൻ്റോ : യുവജനങ്ങളുടെ കലാകായിക സർഗശേഷികൾക്ക് വേദിയൊരുക്കി ടൊറൻ്റോ മലയാളീ സമാജത്തിന്റെ കേരളോത്സവം 2025, മെയ് 31 ശനിയാഴ്ച എറ്റോബിക്കോ മൈക്കൽ പവർ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു. അർപ്പൺ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് ഓവർ ഓൾ ചാമ്പ്യനായി. ജോസഫ് മാത്യു സ്പോൺസർ ചെയ്ത 500 ഡോളറും രുചി വേൾഡ് ട്രോഫിയും വിജയിച്ച ടീമിന് സമ്മാനിച്ചു. അതേസമയം, ഓവർ ഓൾ റണ്ണർ അപ്പ് ആയ യുണൈറ്റഡ് കേരള, സണ്ണി ജോസഫ് സംഭാവന ചെയ്ത 250 ഡോളറിനും ടിഎംഎസ് ട്രോഫിയ്ക്കും അർഹരായി. ടീം കനേഡിയൻ ലയൺസ് ആണ് സെക്കന്റ് റണ്ണർ അപ്പ് ടീം. പ്രമേയ എലിസബത്ത് ഈപ്പനെ കലാതിലകമായി തിരഞ്ഞെടുത്തു.

സബ് ജൂനിയർ (പ്രീ സ്കൂൾ മുതൽ എസ്കെ വരെ), ജൂനിയർ (ഗ്രേഡ് 1 മുതൽ 4 വരെ), സീനിയർ (ഗ്രേഡ് 5 മുതൽ 8 വരെ), സൂപ്പർ സീനിയർ (ഗ്രേഡ് 9 മുതൽ 12 വരെ), യൂത്ത് (യൂണിവേഴ്സിറ്റി/കോളേജ് മുതൽ 25 വയസ്സ് വരെ), മുതിർന്നവർ (26 വയസ്സും അതിൽ കൂടുതലും) എന്നീ വിഭാഗങ്ങളിലായാണ് വിവിധ കലാമത്സരങ്ങൾ അരങ്ങേറിയത്.

ക്ലാസിക്കൽ മ്യൂസിക്ക്, ഇന്ത്യൻ ദേശസ്നേഹ ഗാനം/ ഇന്ത്യൻ രാഷ്ട്രഗാനം, കനേഡിയൻ ദേശീയഗാനം, മിമിക്രി, പ്രസംഗം – മലയാളം, പ്രസംഗം – ഇംഗ്ലീഷ്, ഉപന്യാസ രചന – മലയാളം, ഉപന്യാസ രചന – ഇംഗ്ലീഷ്, കവിതാ രചന – മലയാളം, കവിതാ രചന – ഇംഗ്ലീഷ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് (മലയാളം), സിനിമാറ്റിക് ഡാൻസ് (മറ്റ് ഭാഷകൾ), ഫാൻസി ഡ്രസ്, ഒപ്പന, പെൻസിൽ ഡ്രോയിങ്, പെയിൻ്റിങ് – വാട്ടർ കളർ തുടങ്ങി 35 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. സെബി ജോസഫ്, വിനീഷ് ജോർജ്, ജോർജ് എം ജോർജ്, സഞ്ജീവ് എബ്രഹാം ചാക്കോ, സിജു മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.