ടൊറന്റോ : വിൻസർ-എസെക്സ് മേഖലയിൽ വായു ഗുണനിലവാരം മോശമായതോടെ, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ദിവസേന വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാനും സ്വയം സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും വിൻസർ-എസെക്സ് കൗണ്ടി ഹെൽത്ത് യൂണിറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മെഹ്ദി അലൂഷ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ആസ്മ, സിഒപിഡി (COPD), ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവർക്ക് പുകയുടെ അളവ് കൂടുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വായു ഗുണനിലവാരം ട്രാക്ക് ചെയ്യുന്ന ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് തത്സമയ വിവരങ്ങൾ ലഭിക്കാൻ സഹായിക്കും. ഈ ആപ്പുകൾ ഓരോ മണിക്കൂറിലെയും വായുവിന്റെ ഗുണനിലവാരം സ്കോറായി നൽകുകയും, അതിനനുസരിച്ച് ആളുകൾക്ക് അവരുടെ ദിനചര്യ ക്രമീകരിക്കാൻ ശുപാർശകൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ വായു ഗുണനിലവാരം കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്നും അത് പ്രതിരോധിക്കാൻ നാം തയ്യാറെടുക്കണമെന്നും ഡോ. അലൂഷ് മുന്നറിയിപ്പ് നൽകി.

വിൻസർ-എസെക്സിന് വെള്ളിയാഴ്ച പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയതായി എൻവയൺമെന്റ് കാനഡ അറിയിച്ചു. പ്രദേശത്തെ വായു മലിനീകരണ സൂചിക 10+ എന്ന നിലയിലെത്തിയതായും, ഇത് മനുഷ്യന്റെ ആരോഗ്യത്തിന് “വളരെ ഉയർന്ന അപകടസാധ്യത” ആണെന്നും അവർ അറിയിച്ചു. സ്കെയിലിൽ ഏറ്റവും ഉയർന്ന നിരക്കാണ് 10. വെസ്റ്റേൺ കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുകയാണ് ഈ മേഖലയിൽ വ്യാപിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ, IQAir-ന്റെ ആഗോള ട്രാക്കിങ് സിസ്റ്റം അനുസരിച്ച്, ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് ഡിട്രോയിറ്റിലായിരുന്നു.