കൊച്ചി : കേരളത്തിന്റെ പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിലെ തീ അണയ്ക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സും. ഹെലികോപ്റ്ററുകളില്‍ നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറി തീയണയ്ക്കാനുളല ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
അതേസമയം വാന്‍ഹായ് 503 ഉള്‍ക്കടലിലേക്ക് നീക്കുന്ന ദൗത്യം വിജയത്തിലേക്ക്. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി അറബിക്കടലില്‍ തീപിടിച്ച കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് 44 നോട്ടിക്കല്‍ മൈല്‍ ഗതിമാറി സഞ്ചരിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ട് വാന്‍ഹായ് കപ്പലുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതോടെ ദൗത്യസംഘത്തിന് കപ്പല്‍ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞത്. നിലവില്‍ ദൗത്യസംഘത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

കൂടുതല്‍ വടം കെട്ടി ടഗ്ഗുമായി ബന്ധിപ്പിച്ച് തീരത്ത് നിന്ന് പരമാവധി ദൂരെ ഉള്‍ക്കടലിലേക്ക് കപ്പല്‍ മാറ്റുകയാണ്. രാസവിഷ വസ്തുക്കളടങ്ങിയ കപ്പലിലെ കണ്ടെയ്നറുകള്‍ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനാണ് ശ്രമം. സമീപദിവസങ്ങളിലെ അപകടസാധ്യത ഒഴിവാകുമെങ്കിലും ഭാവിയില്‍ ഉള്‍ക്കടലിലും ഇത് കാരണം പരിസ്ഥിതി നാശം സംഭവിക്കും. എന്നാല്‍ വെള്ളത്തില്‍ വീണതായി സ്ഥിരീകരിച്ച 24 കണ്ടെയ്നറുകളില്‍ ഒഴുകി നടക്കുന്നതിന്റെ ലൊക്കേഷന്‍ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. കാറ്റിന്റെ ഗതിയനുസരിച്ച് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഈ കണ്ടൈനറുകള്‍ തീരം തൊടുമെന്നാണ് കണക്ക് കൂട്ടല്‍.