റിയാദ്: പലസ്തീന്‍-ഇസ്രയേല്‍ ദ്വിരാഷ്ട്ര ഫോര്‍മുല ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ചേരുന്ന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് യുഎസ്. വിവിധ രാഷ്ട്രങ്ങള്‍ക്ക് സന്ദേശമയച്ചു. ജൂണ്‍ 17 മുതല്‍ 20 വരെയാണ് ന്യൂയോര്‍ക്കില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമ്മേളനം. സൗദിയും-ഫ്രാന്‍സും സംയുക്തമായാണ് ഇതില്‍ അധ്യക്ഷത വഹിക്കുക.
യുഎന്‍ അംഗരാജ്യങ്ങളെ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഫ്രാന്‍സ് ഈ സമ്മേളനത്തില്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ അങ്ങിനെ ചെയ്യാതിരിക്കാന്‍ ട്രംപിന്റെ യുഎസ് ഭരണകൂടം ഫ്രാന്‍സിന് മേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. അത്തരമൊരു നീക്കം നടന്നാല്‍, ഒക്ടോബര്‍ ഏഴിനുള്ള ഹമാസ് ആക്രമണത്തിന്റെ വിജയമായിരിക്കും അതെന്ന് ഇസ്രായേലും ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജി7 ഉച്ചകോടി അവസാനിക്കുന്ന ദിനമാണ് യുഎന്നിലെ ദ്വിരാഷ്ട്ര ഫോര്‍മുല സമ്മേളനം. സൗദി കിരീടാവകാശി യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നതില്‍ സ്ഥിരീകരണമില്ല. സൗദി കിരീടാവകാശി പങ്കെടുക്കുകയാണെങ്കില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുള്‍പ്പെടെ രാഷ്ട്ര നേതാക്കള്‍ ഈ സമ്മേളനത്തിലേക്കെത്തും. ഇത് യുഎസ് പരമാവധി തടയാനാണ് സാധ്യത. ഫ്രാന്‍സ് ഫലസ്തീനെ അംഗീകരിക്കാന്‍ സന്നദ്ധമായാല്‍ സൗദി കിരീടാവകാശിയും സമ്മേളനത്തില്‍ നേരിട്ട് പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.