അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ 171 നമ്പര്‍ ഉപേക്ഷിക്കുന്നു. യാത്രക്കാരെ ദുരന്തത്തിന്റെ ഓര്‍മകള്‍ വേട്ടയാടാതിരിക്കാനാണ് നമ്പര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പര്‍ നല്‍കാനാണ് എയര്‍ ലൈനിന്റെ തീരുമാനം.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും നല്‍കും. ഈ മാറ്റം ഉടന്‍ തന്നെ പ്രവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നമ്പര്‍ പുനര്‍നിര്‍മിക്കുന്ന തീരുമാനത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിക അഭിപ്രായം വന്നിട്ടില്ല.

അതേസമയം രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി .അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഡിജിസിഎയുടെ തീരുമാനം. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും, പൈലറ്റുമാര്‍ക്ക് വീഴ്ച ഉണ്ടായില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ബ്ലാക്ബോക്സ് വിശദ പരിശോധനക്കായി ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറും.