ലണ്ടൻ : ബ്രിട്ടന്റെ വിദേശ ഇന്റലിജൻസ് സർവീസ് ഏജൻസിയായ MI6 നെ നയിക്കുന്ന ആദ്യ വനിതയായി ബ്ലെയ്സ് മെട്രെവേലി. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ബ്ലെയ്സ് മെട്രെവേലിയെ നാമനിർദ്ദേശം ചെയ്തു. ബ്രിട്ടിഷ് ചരിത്രത്തിൽ ആദ്യമായാണ് 116 വർഷം പഴക്കമുള്ള ചാര ഏജൻസിയെ നയിക്കാൻ ഒരു വനിതാ മേധാവി ചുമതലയേൽക്കുന്നത്. കരിയർ ഇന്റലിജൻസ് ഓഫീസറായ ബ്ലെയ്സ് മെട്രെവേലി നിലവിൽ MI6 ന്റെ ടെക്നോളജി മേധാവിയായി സേവനമനുഷ്ഠിക്കുന്നു. 47 വയസ്സുള്ള ഇവർ 1999 ലാണ് സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ചേർന്നത്. കരിയറിന്റെ ഭൂരിഭാഗവും യൂറോപിലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലുമായിരുന്നു മെട്രെവേലി ചിലവഴിച്ചത്. Q എന്ന കോഡ് നാമത്തിലാണ് അവർ അറിയപ്പെടുന്നത്.

മെട്രെവേലി പുതിയ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞാൽ, അവർ C എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുക. റിപ്പോർട്ട് പ്രകാരം C എന്നത് ചാര ഏജൻസിയുടെ തലവനായി നീക്കിവച്ചിരിക്കുന്നു. വിവിധ സ്ഥാനങ്ങൾക്കുള്ള കോഡ് നാമങ്ങളുടെ ഈ പാരമ്പര്യം ആരംഭിച്ചത് MI6 ന്റെ ആദ്യ തലവനായ ക്യാപ്റ്റൻ സർ മാൻസ്ഫീൽഡ് കമ്മിംഗ് തന്റെ പേരിൽ C എന്ന് ഒപ്പിട്ടപ്പോഴാണ്. നിലവിൽ C എന്ന കോഡ് നാമം ചീഫ് എന്നാണ് സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം സ്ഥാനമൊഴിയുന്നനിലവിലെ MI6 മേധാവി റിച്ചാർഡ് മൂറിന് പകരക്കാരനായാവും മെട്രെവേലി ചുമതലയേൽക്കുക.