ഓട്ടവ : ഇസ്രയേൽ-ഇറാൻ സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റിലുള്ള കനേഡിയൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ സർക്കാർ. പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും, വിമാനങ്ങൾ റദ്ദാക്കൽ, വ്യോമാതിർത്തി അടച്ചിടൽ ഉൾപ്പെടെയുള്ള യാത്രാ തടസ്സങ്ങൾ നേരിടാൻ തയ്യാറെടുക്കാനും ഗ്ലോബൽ അഫയേഴ്സ് കാനഡ അഭ്യർത്ഥിച്ചു.
ജൂൺ 15-ന് പുറത്തിറക്കിയ പുതുക്കിയ മുന്നറിയിപ്പിൽ, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്രകളും കനേഡിയൻ പൗരന്മാർ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നു. കൂടാതെ, ജോർദാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക, ഖത്തറിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കുക എന്നിവയും കാനഡയുടെ യാത്രാമുന്നറിയിപ്പിൽ പറയുന്നു.

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇതുവരെ കനേഡിയൻ പൗരന്മാർക്ക് ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ 78,893 കനേഡിയൻ പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഇറാനിൽ 2,129 പേരും ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ 6,376 പേരും ഉൾപ്പെടുന്നു.

യാത്രാരേഖകൾ കാലികമാണെന്നും travel.gc.ca എന്ന വെബ്സൈറ്റ് പതിവായി സന്ദർശിച്ച് ഏറ്റവും പുതിയ വിവരങ്ങൾ അറിയണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. സാഹചര്യം മാറുന്നതിനനുസരിച്ച് യാത്രാ മുന്നറിയിപ്പുകൾ പുതുക്കുമെന്നും, കനേഡിയൻ പൗരന്മാർക്ക് വിവരങ്ങൾ കൈമാറാനും പിന്തുണ നൽകാനുമായി പ്രത്യേക ക്രൈസിസ് റെസ്പോൺസ് വെബ്പേജ് ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

അടിയന്തര കോൺസുലാർ സഹായം ആവശ്യമുള്ളവർക്ക് ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ 24/7 എമർജൻസി വാച്ച് ആൻഡ് റെസ്പോൺസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്:
ഫോൺ: +1 613-996-8885
ഇമെയിൽ: me-mo.sos@international.gc.ca
SMS: +1 613-686-3658
വാട്ട്സ്ആപ്പ്: +1 613-909-8881