ഓട്ടവ : നഗരത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും ഹ്യുമിഡിറ്റി കാരണം ഇത് 30 ഡിഗ്രി സെൽഷ്യസ് ആയി അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥ ഏജൻസി പറയുന്നു. ഈ താപനില 2025 ജൂണിലെ രണ്ടാമത്തെ ഉയർന്ന താപനിലയും ഈ വർഷത്തെ രണ്ടാമത്തെ ചൂടേറിയ ദിവസവുമാകും. ഇന്ന് പകൽ നല്ല സൂര്യപ്രകാശം ലഭിക്കും. രാത്രി ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കുമെന്നും പ്രവചനമുണ്ട്.

അതേസമയം, ചൊവ്വാഴ്ച ആകാശം മേഘാവൃതമായിരിക്കുമെന്നും 30 ശതമാനം മഴയ്ക്ക് സാധ്യതയുള്ളതായും ഏജൻസി മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ബുധനാഴ്ചയും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. 60 ശതമാനം മഴയ്ക്ക് സാധ്യതയുള്ളതായും ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും പ്രവചനമുണ്ട്. മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്ന വ്യാഴാഴ്ച, 60 ശതമാനം മഴയ്ക്കും ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താനും സാധ്യതയുള്ളതായി എൻവയൺമെൻ്റ് കാനഡ പറയുന്നു.

വെള്ളിയാഴ്ച ഭാഗികമായി സൂര്യപ്രകാശവും മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈ സമയത്തെ സാധാരണ താപനില പകൽ 24 ഡിഗ്രി സെൽഷ്യസും രാത്രി 14 ഡിഗ്രി സെൽഷ്യസും ആണ്.