അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടന്‍ വിട്ടുനല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും.

അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് ഇന്നു വൈകിട്ടോടെ തിരിച്ചറിയാന്‍ ആകുമെന്നാണ് പ്രതീക്ഷ. അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നും ശേഖരിക്കും. നിലവില്‍ 17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ലഭിച്ചിട്ടുള്ളത്.ഇതിനിടെ അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്.