കൊല്‍ക്കത്ത: സാങ്കേതിക തകരാറിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി. കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിമാനം പരിശോധിച്ചത്. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലര്‍ച്ചെ 12.45നാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.20ഓടെ എല്ലാ യാത്രക്കാരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിമാനത്തിന്റെ ക്യാപ്റ്റന്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ സംശയിച്ച് തിരിച്ചിറക്കിയിരുന്നു.