എഡ്മിന്റൻ : ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡിൽ ഈസ്റ്റിൽ ഏകദേശം 80,000 കനേഡിയൻ പൗരന്മാർ ഉള്ളതായി ഗ്ലോബൽ അഫയേഴ്സ് കാനഡ. ഏകദേശം 3,500 കാനഡക്കാർ ഇറാനിലും 6,700 പേർ ഇസ്രയേലിലുമാണെന്ന് ഏജൻസി പറയുന്നു.

മിഡിൽ ഈസ്റ്റിലെ ഏകദേശം 80,000 കനേഡിയൻ പൗരന്മാർ സ്വമേധയാ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും എത്ര പേർക്ക് സഹായം ആവശ്യമാണെന്ന് അറിയില്ലെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ വ്യക്തമാക്കി. നിലവിലെ സംഘർഷത്തിൽ കാനഡക്കാർക്ക് പരുക്കേറ്റതായോ മരണമടഞ്ഞതായോ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് ഏജൻസി അറിയിച്ചു. ഇറാൻ, ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ മിഡിൽ ഈസ്റ്റിലെ കനേഡിയൻ പൗരന്മാർ വാർത്തകൾ നിരീക്ഷിക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും ഗ്ലോബൽ അഫയേഴ്സ് കാനഡ പറയുന്നു.