ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വത സ്ഫോടനം. അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 കിലോമീറ്റര്‍ ഉയരത്തില്‍ ചാരം പടര്‍ന്നതിനെ തുടര്‍ന്ന്
ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബാലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് തിരിച്ചു പറന്നു. ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എഐ 2145 വിമാനമാണ് വിമാനത്താവളത്തിനു സമീപം അഗ്നിപര്‍വത സ്ഫോടനമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു തിരികെ പറന്നത്. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ഓസ്ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള ജെറ്റ്സ്റ്റാര്‍, വിര്‍ജിന്‍ ഓസ്ട്രേലിയ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ, എയര്‍ ന്യൂസിലാന്‍ഡ്, സിംഗപ്പൂരിലെ ടൈഗര്‍എയര്‍, ചൈനയുടെ ജുനിയാവോ എയര്‍ലൈന്‍സ് എന്നിവയും റദ്ദാക്കിയതായി ബാലി അന്താരാഷ്ട്ര വിമാനത്താവളം വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തു. ബാലിയിലേക്കുള്ളതും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി ജെറ്റ്സ്റ്റാര്‍ സ്ഥിരീകരിച്ചു. ഇന്ന് രാത്രിയോടെ പ്രദേശത്തെ ചാരം നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപര്‍വതമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്. 1,584 മീറ്ററാണ് (5,197 അടി) അഗ്നിപര്‍വതത്തിന്റെ ഉയരം. ഇതിനു മുന്‍പും സമാനമായ സംഭവം ബാലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെവോട്ടോബി ലക്കി-ലാക്കിക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ചാരം പടര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തുള്ള ഗ്രാമത്തിലെ ആളുകളെ ഒഴിപ്പിച്ചിരുന്നു. അഗ്നിപര്‍വതം ഇപ്പോഴും സജീവമാണെന്നും നിരവധി ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.