എഡ്മിന്റൻ : കനേഡിയൻ ഹോക്കി ആരാധകർക്ക് സ്റ്റാൻലി കപ്പ് കിരീടത്തിനായി ഇനിയും ഒരു വർഷം കൂടി കാത്തിരിക്കണം. ഫൈനലിൽ ഫ്ലോറിഡ പാന്തേഴ്സിനോട് 5-1 ന് പരാജയം വഴങ്ങി എഡ്മിന്റൻ ഓയിലേഴ്സ് പുറത്തായതോടെ കാനഡയുടെ 32 വർഷമായി നീളുന്ന NHL കിരീട പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കഴിഞ്ഞ ജൂണിൽ ഗെയിം 7-ൽ തോറ്റതിന് ശേഷം ഇത് തുടർച്ചയായി രണ്ടാം വർഷമാണ് ഓയിലേഴ്സ് ഫൈനലിൽ പാന്തേഴ്സിനോട് തോൽക്കുന്നത്. 2006-ൽ തോറ്റതിന് ശേഷം ഇത് മൂന്നാം തവണയാണ് ഹോക്കിയുടെ ഹോളി ഗ്രെയിലിന് ഇത്രയടുത്ത് എഡ്മിന്റൻ ഓയിലേഴ്സ് എത്തുന്നത്.

1993-ലെ മൺട്രിയോൾ കനേഡിയൻസാണ് NHL ചാമ്പ്യൻഷിപ്പ് കിരീടം നേടിയ അവസാന കനേഡിയൻ ടീം. ഈ വർഷത്തെ പ്ലേഓഫിൽ നാല് കനേഡിയൻ ടീമുകളിൽ ഒന്നായിരുന്നു എഡ്മിന്റൻ. അതേസമയം, മൺട്രിയോൾ കനേഡിയൻസ് ആദ്യ റൗണ്ടിൽ കടന്നില്ല. വിനിപെഗ് ജെറ്റ്സും ടൊറന്റോ മാപ്പിൾ ലീഫ്സും രണ്ടാം റൗണ്ടിൽ പുറത്താവുകയായിരുന്നു.