ടെഹ്റാന്: ഇറാന് കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയി. ഇറാനികള്‍ കീഴടങ്ങുന്നവരല്ല. ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമനയി പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ഖമനയി ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് ഖമനയി പൊതുപ്രസ്താവന നടത്തുന്നത്. സൈനിക നടപടിയുണ്ടായാല്‍ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് അമേരിക്ക അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഏത് രൂപത്തിലുള്ള അടിച്ചേല്‍പ്പിക്കപ്പെടലിനും ഇറാന് കീഴടങ്ങില്ല. ഇസ്രയേല്‍ ഗുരുതരമായ തെറ്റ് ചെയ്തു, അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടേണ്ടി വരുമെന്നും ഖമനയി പറഞ്ഞു. ഖമനയിയുടെ ഒളിയിടം അറിയാമെന്നും തത്കാലം അദ്ദേഹം അവിടെ സുരക്ഷിതമായിരിക്കട്ടെ എന്നും ഇപ്പോള്‍ വധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇറാന് കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടല്‍ നടത്തുമെന്ന സൂചനകളും അദ്ദേഹം നടത്തുകയുണ്ടായി. ഇറാന്റെ ആകാശത്തിനുമേല്‍ തങ്ങള്‍ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.