ഓട്ടവ : കാനഡയിലെ റോഡുകളിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും വൻ അപകട സാധ്യതയുണ്ടെന്ന് പുതിയ CAA പഠനം. നിരീക്ഷണ കാമറകളും AI-യും ഉപയോഗിച്ച് 20 നഗരങ്ങളിലെ ഇന്റർസെക്ഷനുകളിൽ നടത്തിയ പഠനത്തിൽ, ഏഴു മാസത്തിനിടെ 6 ലക്ഷത്തിലധികം അപകടങ്ങൾ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി.

വലത് തിരിയുന്ന വാഹനങ്ങളാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും ദിവസവും വലിയ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും CAA പറയുന്നു. ഏഴ് മാസത്തിനിടെ 6,16,854 അപകടങ്ങൾ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി. ഓരോ 770 കാൽനടയാത്രക്കാരിലും ഒരാൾക്കും, ഓരോ 500 സൈക്കിൾ യാത്രക്കാരിൽ ഒരാൾക്കും അപകടസാധ്യതയുണ്ടെന്നും പഠനം പറയുന്നു.

ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ദിനംപ്രതി സംഭവിക്കുന്ന മുന്നറിയിപ്പുകളാണെന്നും CAA നോർത്ത് & ഈസ്റ്റ് ഒന്റാരിയോ കമ്മ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടർ ജൂലി ബ്യൂൻ പറഞ്ഞു. അപകടങ്ങൾ കുറയ്ക്കാൻ ഇന്റർസെക്ഷനുകളിൽ മാറ്റങ്ങൾ വരുത്താനും, ഡ്രൈവർമാരും കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും കൂടുതൽ ജാഗ്രത പാലിക്കാനും CAA നിർദ്ദേശിച്ചു.