അഹമ്മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് തകരാര്‍. ഈ സാഹചര്യത്തില്‍, നിര്‍ണായക വിവരങ്ങള്‍ ഡല്‍ഹിയിലെ ലബോറട്ടറിയില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്ന്, അമേരിക്കയുടെ സഹായം തേടാന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തീരുമാനിച്ചു.
വാഷിങ്ടണിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലേക്കാകും തകരാറിലായ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി അയക്കുക. ഈ വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉടന്‍തന്നെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. യുഎസിലെ വ്യോമയാന മേഖലയുടെ സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുന്ന പ്രധാന ഏജന്‍സികളിലൊന്നാണ് NTSB.

അതേസമയം അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ സംഘങ്ങള്‍ ഇന്നും ദുരന്തഭൂമിയില്‍ വിശദമായ പരിശോധനകള്‍ നടത്തി. ഇന്നലെയും രണ്ട് ശരീരഭാഗങ്ങള്‍ അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.