ഓട്ടവ: കാനഡയില്‍ വിദേശ സര്‍ക്കാരുകള്‍ കുറ്റകൃത്യ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നതായി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ബുധനാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി സംഘടിത കുറ്റകൃത്യ സംഘങ്ങളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (CSIS) പറയുന്നു.
ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം ഒരു കൊലപാതകം നടത്താന്‍ കുപ്രസിദ്ധമായ ബൈക്കര്‍ സംഘത്തിലെ അംഗങ്ങളെ വാടകയ്ക്കെടുത്തതും, കാനഡയിലെ അക്രമ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉദാഹരണങ്ങളായി എടുത്തുപറയുന്നുണ്ട്. കാനഡയിലെ സൗത്ത് ഏഷ്യന്‍ സമൂഹങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ ക്രിമിനല്‍ ശൃംഖലകളുമായി ബന്ധപ്പെട്ടതിന് ആര്‍സിഎംപിക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ, മത, സാംസ്കാരിക സമൂഹങ്ങള്‍ക്കുള്ളില്‍ മാത്രമല്ല, കാനഡയുടെ രാഷ്ട്രീയ വ്യവസ്ഥയിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ വിദേശ ഇടപെടലുകളെക്കുറിച്ച് കാനഡ ജാഗ്രത പുലര്‍ത്തണമെന്ന് സിഎസ്ഐഎസ് ആവശ്യപ്പെടുന്നു.

ജി7 ഉച്ചകോടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സിഎസ്ഐഎസ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായിരുന്നു. കാനഡയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മോദിയെ ക്ഷണിച്ചത് ലിബറല്‍ പാര്‍ട്ടിയില്‍ പോലും അതൃപ്തിക്ക് കാരണമായിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ നാല് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റിലായിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ സൂത്രധാരന്മാരെ കണ്ടെത്താന്‍ ആര്‍സിഎംപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
അതെസമയം മോദിയുടെ ഓഫീസുമായി ബന്ധമുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കാനഡയില്‍ ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ലോറന്‍സ് ബിഷ്ണോയ് എന്ന ക്രിമിനല്‍ സംഘത്തെ ഉപയോഗിക്കുന്നതായി ആര്‍സിഎംപി വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍, ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി മാര്‍ക്ക് കാര്‍ണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയില്‍ ചാരപ്രവര്‍ത്തികള്‍, വിദേശ ഇടപെടല്‍ നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കാനും, ആഭ്യന്തര സ്ഥിരതയുടെ പേരില്‍ ഇന്ത്യ വിരുദ്ധമായി കണക്കാക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും രാജ്യത്തിനകത്തും പുറത്തും തടയാനും മോദിക്കും അദ്ദേഹത്തിന്റെ പ്രധാന മന്ത്രിമാര്‍ക്കും ഉപദേഷ്ടാക്കള്‍ക്കും താല്‍പ്പര്യമുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ചൈന, റഷ്യ, ഇറാന്, പാക്കിസ്ഥാന് തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.