കാൽഗറി : ലോകത്തിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളുടെ റാങ്കിങ്ങിൽ കാൽഗറിക്ക് തിരിച്ചടി. ഈ ആഴ്ച പുറത്തിറങ്ങിയ ഇക്കണോമിസ്റ്റ് ഇന്റലിജിൻസ് യൂണിറ്റിന്റെ ‘ലൈവബിലിറ്റി ഇൻഡെക്സ് റിപ്പോർട്ട് 2025’ അനുസരിച്ച്, കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും വേഗത്തിൽ റാങ്കിങ്ങിൽ താഴേക്ക് പോയ നഗരം കാൽഗറിയാണ്. 2024-ൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കാൽഗറി ഈ വർഷം 18-ലേക്ക് കൂപ്പുകുത്തി. നഗരത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളാണ് റാങ്കിങ് ഇടിയാനുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത് കാൽഗറി നിവാസികളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമല്ലെന്നും പലരും ഇതേക്കുറിച്ച് വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, റാങ്കിങ് ഇടിവിനെ ന്യായീകരിക്കാൻ റിപ്പോർട്ടിൽ വ്യക്തമായ ഡാറ്റയില്ലെന്നും, നഗരത്തിൽ ഡോക്ടർമാരുടെയും ആശുപത്രി കിടക്കകളുടെയും എണ്ണം വർധിച്ചതായും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

സർവേയിൽ ഉൾപ്പെട്ട മറ്റ് കനേഡിയൻ നഗരങ്ങളായ ടൊറൻ്റോ (12-ൽ നിന്ന് 16-ലേക്ക്), വൻകൂവർ (പത്താം സ്ഥാനത്ത്) എന്നിവയ്ക്കും സമാനമായി ആരോഗ്യ മേഖലയിലെ വീഴ്ചകൾ കാരണം റാങ്കിങ്ങിൽ ഇടിവുണ്ടായി. സ്ഥിരത, ആരോഗ്യം, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് റാങ്കിങ്ങിനുള്ള പ്രധാന മാനദണ്ഡങ്ങൾ. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, സിറിയയിലെ ഡമാസ്കസ് അവസാന സ്ഥാനത്താണ്.