ഓട്ടവ : മാർക്ക് കാർണി സർക്കാരിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലിന്മേൽ (സി-5) ഹൗസ് ഓഫ് കോമൺസിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് ഫെഡറൽ അംഗീകാരം വേഗത്തിൽ നേടാൻ മന്ത്രിസഭയെ അനുവദിക്കുന്നതാണ് ലിബറൽ സർക്കാരിന്റെ ഈ ബിൽ. വ്യാഴാഴ്ച പുലർച്ചെ കൺസർവേറ്റീവുകളുടെ പിന്തുണയോടെ ഇത് കമ്മിറ്റി ഘട്ടം കടന്നിരുന്നു.

യുഎസ് താരിഫുകളോടുള്ള കാനഡയുടെ ആഭ്യന്തര സാമ്പത്തിക പ്രതികരണത്തിന്റെ ഹൃദയ ഭാഗമാണ് ബിൽ സി-5 എന്ന് കാർണി പറഞ്ഞു. ജൂൺ 27-നകം സെനറ്റിൽ ബിൽ സി-5-ന്റെ പരിശോധന പൂർത്തിയാക്കാനാണ് സെനറ്റ് ലക്ഷ്യമിടുന്നത്. അന്തർപ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലിബറലുകൾ നിയമനിർമാണം അവതരിപ്പിച്ചത്. സെപ്റ്റംബർ വരെ ഹൗസ് ഓഫ് കോമൺസ് അവസാനിപ്പിക്കുന്നതിന് മുൻപ് ബിൽ നിയമമാക്കാനാണ് കാർണി സർക്കാരിന്റെ ശ്രമം.
അതേസമയം, ഇത്തരം വിപുലമായ അധികാരങ്ങൾ മന്ത്രിസഭയ്ക്ക് നൽകുന്നതിനെ തദ്ദേശീയ, പരിസ്ഥിതി സംഘടനകളും ചില പ്രതിപക്ഷ എംപിമാരും സെനറ്റർമാരും ശക്തമായി വിമർശിച്ചിരുന്നു.