വൻകൂവർ : നോർത്തേൺ ബ്രിട്ടിഷ് കൊളംബിയയുടെയും ഉൾപ്രദേശങ്ങളുടെയും ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. പ്രവിശ്യയിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാൽ ഉയർന്ന നദീജല പ്രവാഹത്തിനും സാധ്യതയുള്ളതായി പ്രവചനമുണ്ട്.
പ്രവിശ്യയുടെ സതേൺ ഉൾപ്രദേശങ്ങളിൽ 40 മില്ലിമീറ്റർ വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. ഈസ്റ്റേൺ ഭാഗങ്ങളിലെ അപ്പർ കൊളംബിയ, ഈസ്റ്റ് കൂട്ടെനേയ് പ്രദേശങ്ങളിലും മധ്യ ബ്രിട്ടിഷ് കൊളംബിയയുടെ ഒരു ഭാഗത്തും നദീജലനിരപ്പ് അപകടകരമാംവിധം ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

നോർത്തേൺ ബ്രിട്ടീഷ് കൊളംബിയയിൽ പീസ് മുതൽ സതേൺ സിമിൽകാമീൻ വരെയുള്ള പ്രദേശങ്ങളിൽ ഉയർന്ന നദീജല പ്രവാഹമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ നിലവിലുണ്ട്. പ്രവിശ്യയിൽ അസാധാരണ മഴ പ്രതീക്ഷിക്കുന്നതായും ഇത്തരത്തിൽ കനത്ത മഴ ആൽബർട്ടയിലും ലഭിക്കുമെന്നും ബിസി റിവർ ഫോർകാസ്റ്റ് സെന്റർ ഹൈഡ്രോളജിസ്റ്റ് നടാഷ കവി പറഞ്ഞു.

കാട്ടുതീ നിയന്ത്രിക്കാൻ മഴ സഹായിക്കുമെങ്കിലും, വരൾച്ച നേരിടുന്ന പ്രദേശങ്ങളിലും മിതമായ വെള്ളപ്പൊക്ക സാധ്യതയുള്ളതായി ബി.സി. വൈൽഡ്ഫയർ സർവീസിലെ ജെയ്ൻ കുക്ക് അറിയിച്ചു. നദികളിലും അരുവികളിലും ജലനിരപ്പ് വളരെ ഉയർന്നതായിരിക്കുമെന്നും അവശിഷ്ടങ്ങൾ ഒഴുകി വരാൻ സാധ്യതയുണ്ടെന്നും അതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.