കാൽഗറി : വേനൽക്കാലത്തിന്റെ ആദ്യ ദിനത്തിൽ കാൽഗറിയിൽ മഞ്ഞുവീഴ്ച. ബാൻഫ് സൺഷൈൻ വില്ലേജിലെ സ്കീ റിസോർട്ടിലാണ് ശനിയാഴ്ച വേനൽച്ചൂടിന് പകരം മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്. സ്കീ റിസോർട്ട് ഫേസ്ബുക്ക് പേജിലൂടെ ദൃശ്യങ്ങളടക്കമാണ് ഇക്കാര്യം പങ്കുവെച്ചത്.
വാരാന്ത്യത്തിൽ ബാൻഫിലും തെക്കൻ ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് എൻവയൺമെന്റ് കാനഡ പ്രവചിച്ചിരുന്നു. പരമാവധി താപനില നാല് ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും, 25 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാനും സാധ്യതയുണ്ടെന്നും സൺഷൈൻ വെബ്സൈറ്റ് പറയുന്നു.

കാൽഗറി നഗരത്തിൽ ശനിയാഴ്ച ഉടനീളം കനത്ത മഴയും കാറ്റും പ്രതീക്ഷിക്കുന്നു. 40 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ഞായറാഴ്ച കാൽഗറിയിൽ മേഘാവൃതമായ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാമെന്നും സിടിവി കാൽഗറിയിലെ ഡാനിയൽ സാവോണി റിപ്പോർട്ട് ചെയ്തു.

സൺഷൈൻ വില്ലേജിൽ സീസണിന്റെ അവസാനത്തിൽ മഞ്ഞുവീഴ്ചയുണ്ടായത് അസാധാരണമാണെങ്കിലും, കഴിഞ്ഞ വർഷം ഓഗസ്റ്റ് 24-ന് ഇവിടെ വലിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിരുന്നു.