ഓട്ടവ : ശനിയാഴ്ച രാത്രിയുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ നഗരത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങി. ഞായറാഴ്ച രാവിലെ 9 മണിയോടെ ഏകദേശം 4,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചുവെന്ന് ഹൈഡ്രോ ഓട്ടവ അറിയിച്ചു. മരങ്ങൾ വീണതും വൈദ്യുതി കമ്പികൾ പൊട്ടിയതുമാണ് വൈദ്യുതി മുടങ്ങാൻ പ്രധാന കാരണം. പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ നിന്ന് 10 അടി അകലം പാലിക്കാനും ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ ഇടതടവില്ലാതെ പ്രവർത്തിച്ചു വരികയാണെന്ന് ഹൈഡ്രോ ഓട്ടവ എക്സിൽ അറിയിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പ്രദേശത്ത് കൊടുങ്കാറ്റ് വീശിയടിച്ചിരുന്നു. കനത്ത ഇടിമിന്നലും മേഖലയിൽ നാശം വിതച്ചു.

അടുത്ത മൂന്ന് ദിവസത്തേക്ക് താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും തിങ്കളാഴ്ച 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ചൂടും ഈർപ്പവും അപകടകരമായ സാഹചര്യമാണെന്നും പൊതുജനങ്ങൾ തണുപ്പുള്ള സ്ഥലങ്ങളിലോ വീടിനുള്ളിലോ കഴിയണമെന്നും അല്ലെങ്കിൽ പൊതു കൂളിങ് സെന്ററുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.