ടൊറന്റോ : കാനഡയിലെ മുൻ ലിബറൽ കാബിനറ്റ് മന്ത്രിയും ഒന്റാരിയോ എംപിയുമായിരുന്ന ജോൺ മക്കല്ലം അന്തരിച്ചു. 75 വയസ്സായിരുന്നു. ശനിയാഴ്ച കുടുംബത്തോടൊപ്പം സമയം ചെലവഴിക്കവേയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു. ക്രെഡിറ്റ് വാലി ഹോസ്പിറ്റലിലെ മെഡിക്കൽ ടീമിനും കുടുംബം നന്ദി രേഖപ്പെടുത്തി.
2000-ൽ മാർക്കം റൈഡിങ്ങിൽ നിന്ന് ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മക്കല്ലം, മൂന്ന് ലിബറൽ പ്രധാനമന്ത്രിമാരുടെ കീഴിൽ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധം, വെറ്ററൻസ് അഫയേഴ്സ്, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് തുടങ്ങിയ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് റോയൽ ബാങ്ക് ഓഫ് കാനഡയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായും മക്ഗിൽ യൂണിവേഴ്സിറ്റിയിൽ ആർട്സ് ഡീനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2017 മുതൽ 2019 വരെ കാനഡയുടെ ചൈനീസ് അംബാസഡറായും മക്കല്ലം സേവനമനുഷ്ഠിച്ചു. എന്നാൽ ചൈനീസ് ടെലികോം കമ്പനിയായ ഹുവായ് എക്സിക്യൂട്ടീവ് മെങ് വാൻഷൂവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദപരമായ പരാമർശങ്ങളെ തുടർന്ന് ട്രൂഡോയുടെ നിർദ്ദേശപ്രകാരം അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

മക്കല്ലത്തെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തെ നയിക്കാൻ അദ്ദേഹം സഹായിച്ചുവെന്നും എക്സിൽ കുറിച്ചു. സിറിയൻ അഭയാർത്ഥികളെ അതിവേഗം പുനരധിവസിപ്പിക്കുന്നതിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ട്രൂഡോ പ്രത്യേകം എടുത്തുപറഞ്ഞു. മക്കല്ലത്തിന്റെ വിയോഗത്തിൽ മാർക്കം-തോൺഹിൽ എംപിയും കാനഡയുടെ ഊർജ്ജ മന്ത്രിയുമായ ടിം ഹോഡ്ഗ്സൺ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സത്യസന്ധതയോടെ സേവനം അനുഷ്ഠിച്ചുവെന്നും കനേഡിയൻ മൂല്യങ്ങൾക്ക് ഉദാഹരണമായിരുന്നുവെന്നും ഹോഡ്ഗ്സൺ എക്സിൽ കുറിച്ചു.