കാർബറി : നഗരത്തിലെ ഹൈവേ ഇന്‍റർസെക്ഷനിൽ പുതിയ സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരാനുള്ള മാനിറ്റോബ സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ രംഗത്ത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ബ്യൂറോക്രാറ്റുകളും കൺസൾട്ടന്റുമാരും ചേർന്ന് അവതരിപ്പിച്ച RCUT (Restricted Crossing U-turn) ഡിസൈൻ വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന് അവർ വാദിക്കുന്നു. ഇതിനെതിരെ രണ്ടായിരത്തിലധികം പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചിട്ടുണ്ട്. 2023-ൽ 17 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന ഹൈവേ ജംഗ്ഷനിലാണ് മാറ്റം വരുത്താനുള്ള നിർദേശം. ട്രാൻസ്-കാനഡ ഹൈവേ സിസ്റ്റത്തിന്റെ ഭാഗമായ ഹൈവേ 1-ഉം ഹൈവേ 5-ഉം കൂടിച്ചേരുന്ന ഇന്‍റർസെക്ഷനിലായിരുന്നു അപകടം നടന്നത്.

RCUT സംവിധാനം അനുസരിച്ച്, ചെറിയ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൈവേ നേരിട്ട് മുറിച്ചുകടക്കാൻ കഴിയില്ല. പകരം, വലത്തേക്ക് തിരിഞ്ഞ് അൽപ്പം മുന്നോട്ട് പോയി ഒരു യു-ടേൺ എടുത്ത് വേണം മറുഭാഗത്തേക്ക് പോകാൻ. വലിയ ട്രക്കുകളും കാർഷിക വാഹനങ്ങളും പോകുന്ന ഈ റോഡിൽ RCUT പ്രായോഗികമല്ലെന്ന് നാട്ടുകാർ പറയുന്നു. ഗതാഗത തടസ്സമില്ലാതെ പോകാൻ ഒരു മേൽപ്പാലം നിർമ്മിക്കുകയാണ് ഏറ്റവും നല്ല പരിഹാരമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2023 ജൂണിൽ, 24 പേരുമായി പോയ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചാണ് 17 പേർ മരിച്ചത്. ഈ അപകടം നടന്നതിന് ശേഷം റോഡിന്‍റെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.