വിനിപെഗ് : ബിരുദധാരികളായ തദ്ദേശീയ വനിതകളെ ആദരിച്ച് വിനിപെഗ് മിനിസിപ്പാലിറ്റി. അവരുടെ കരുത്ത്, അതിജീവനകഥകൾ, ശോഭനമായ ഭാവി എന്നിവ പരിഗണിച്ചാണ് മാനിറ്റോബ ഫാമിലീസ് മന്ത്രി നഹാനി ഫൊണ്ടെയ്ന്റെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് നടന്നത്. തദ്ദേശീയരായ സ്ത്രീകൾക്കുണ്ടായ ദോഷകരമായ അനുഭവങ്ങളെക്കുറിച്ചാണ് എല്ലാവരും പലപ്പോഴും ചർച്ച ചെയ്യുന്നതെന്നും, അവരുടെ നേട്ടങ്ങൾ പലപ്പോഴും ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നും മന്ത്രി ഫൊണ്ടെയ്ൻ പറഞ്ഞു.

ബിരുദം നേടിയവരിൽ 66 വയസ്സുള്ള വിക്ടോറിയ മക്കിൻ്റോഷും ഉൾപ്പെടുന്നു. റെസിഡൻഷ്യൽ, ഡേ സ്കൂൾ അതിജീവിതയായ അവർ 50-ാം വയസ്സിലാണ് സർവകലാശാലയിൽ പഠനം തുടങ്ങിയത്. അടുത്തിടെ വിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ഇവർ ഇപ്പോൾ പിഎച്ച്ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 50-ാം വയസ്സിൽ തനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞെങ്കിൽ, ഒഴികഴിവുകൾ പറയേണ്ടതില്ലെന്നും എല്ലാവര്ക്കും കഴിയുമെന്നും മക്കിൻ്റോഷ് പറഞ്ഞു. “തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്”- അവർ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം, സാംസ്കാരിക പുനരുജ്ജീവനം എന്നീ മേഖലകളിൽ മികച്ച നേതൃത്വവും അതിജീവനശേഷിയും പ്രകടിപ്പിച്ച തദ്ദേശീയരായ സ്ത്രീകൾ, പെൺകുട്ടികൾ, ഭിന്നലിംഗക്കാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.