വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിയെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് ടെന്നസി റിപ്പബ്ലിക്കന്‍ പ്രതിനിധി ആന്‍ഡി ഓഗിള്‍സ്. പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
”സൊഹ്‌റാന്‍ സെമിറ്റിക് വിരുദ്ധനും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റുമാണ്. അദ്ദേഹം ന്യൂയോര്‍ക്ക് എന്ന മഹത്തായ നഗരത്തെ നശിപ്പിക്കും. അദ്ദേഹത്തെ നാടുകടത്തണം. അതുകൊണ്ടാണ് അദ്ദേഹത്തെ നിര്‍ബന്ധിത പൗരത്വം റദ്ദാക്കല്‍ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത്” ഓഗിള്‍സ് ചൂണ്ടിക്കാട്ടി. ഭീകരതയെ പിന്തുണക്കുന്ന മംദാനി തെറ്റിദ്ധരിപ്പിച്ചാണ് യുഎസ് പൗരത്വം നേടിയതെന്നും റിപ്പബ്ലിക്കന്‍ നേതാവ് ആരോപിച്ചു.
ഇന്ത്യന്‍-ഉഗാണ്ടന്‍ വംശജനായ സൊഹ്റാന്‍ 2018ലാണ് യുഎസ് പൗരത്വം നേടുന്നത്. പൗരത്വം നേടുന്നതിന് 20 വര്‍ഷം മുന്‍പാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. 2020ല്‍ ന്യൂയോര്‍ക്ക് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൊഹ്‌റാന്റെ വിജയം റിപ്പബ്ലിക്കന്‍മാരെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മംദാനിക്കെതിരെ രംഗത്തെത്തിയിരുന്നു. ‘100 ശതമാനം കമ്യുണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് ട്രംപ് മാംദാനിയെ വിശേഷിപ്പിച്ചത്. മാംദാനിയെ തിരഞ്ഞെടുത്തതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ‘പരിധി ലംഘിച്ചു’ എന്ന് ആരോപിക്കുകയും ചെയ്തു.
ഇന്ത്യന്‍ വംശജയായ സിനിമ സംവിധായിക മീര നായരുടെയും ഇന്ത്യന്‍ ഉഗാണ്ടന്‍ അക്കാദമിക് മഹ്‌മൂദ് മംദാനിയുടെയും മകനായ സൊഹ്റാന്‍ മാംദാനി മേയര്‍ ആന്‍ഡ്രൂ കുമോവോക്കെതിരെ ചൊവ്വാഴ്ച രാത്രി വിജയം നേടി. അവസാന മത്സരത്തില്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലിം മേയറായി സൊഹ്റാന്‍ മംദാനി മാറും.