വിനിപെഗ് : നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിനിപെഗ് പോർട്ടേജ് ആൻഡ് മെയ്ൻ ഇന്റർസെക്ഷൻ കാൽനടയാത്രക്കാർക്കായി വീണ്ടും തുറന്നു. 1979 മുതൽ ഇവിടെ കോൺക്രീറ്റ് ബാരിയറുകൾ സ്ഥാപിച്ചിരുന്നത് കാരണം കാൽനടയാത്രക്കാർക്ക് റോഡിന് അടിയിലൂടെയുള്ള പാത ഉപയോഗിക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണികൾക്കായി 7.3 കോടി ഡോളർ ചെലവ് വരുമെന്നും, വർഷങ്ങളോളം ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്നും പഠനത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സിറ്റി കൗൺസിൽ ഇന്റർസെക്ഷൻ കാൽനടയാത്രക്കാർക്കായി തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷമായി ബാരിയറുകൾ നീക്കം ചെയ്യുകയും പുതിയ ട്രാഫിക് സിഗ്നലുകളും നടപ്പാതകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.

നഗരത്തെ എല്ലാവർക്കും കൂടുതൽ ഉപയോഗപ്രദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇൻറർസെക്ഷൻ തുറന്നുകൊടുക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മേയർ സ്കോട്ട് ഗില്ലിങ്ഹാം പറഞ്ഞു. അതേസമയം, കാൽനടയാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കുന്നതാണ് നിലവിലെ സംവിധാനമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അപകടങ്ങൾ കുറയ്ക്കാൻ ബാരിയറുകൾ നിലനിർത്തണമെന്ന വാദവുമായി വിമർശകരും രംഗത്തെത്തി.