വിനിപെഗ് : നഗര ഗതാഗതത്തിൽ മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള ‘പ്രൈമറി ട്രാൻസിറ്റ് നെറ്റ്‌വർക്ക്’ ഔദ്യോഗികമായി വിനിപെഗിൽ നിലവിൽ വന്നു. മെച്ചപ്പെട്ട സേവനവും കാര്യക്ഷമതയും ലക്ഷ്യമിട്ട് ഞായറാഴ്ച പുലർച്ചെയാണ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതോടെ പ്രധാന റൂട്ടുകളിൽ വേഗത്തിൽ ബസുകൾ ഓടിത്തുടങ്ങും. ഇതിനെ ബന്ധിപ്പിച്ച്, ഉപ-റൂട്ടുകളിലൂടെ സമീപപ്രദേശങ്ങളിൽ നിന്ന് യാത്രക്കാരെ പ്രധാന ലൈനുകളിലേക്ക് എത്തിക്കുന്ന ഫീഡർ ബസുകളും ഉണ്ടാകും. ഇത് ‘സ്പൈൻ-ആൻഡ്-ഫീഡർ’ രീതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അധികൃതർ പറയുന്നു. 142 വർഷത്തെ നഗര ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗത പരിഷ്കരണമാണിത്.

പുതിയ സംവിധാനമനുസരിച്ചുള്ള ആദ്യ ബസ് പുലർച്ചെ 5:32-ന് പോർട്ടേജ് അവന്യൂവിൽ നിന്ന് പുറപ്പെട്ടു. ഇത് യാത്രക്കാർക്ക് മികച്ച സേവനം നൽകുമെന്ന് സ്റ്റാൻഡിങ് പോളിസി കമ്മിറ്റി ചെയർപേഴ്സൺ ജാനിസ് ലൂക്ക്സ് പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓൺ-റിക്വസ്റ്റ് ട്രാൻസിറ്റ് സോണുകൾ നാലിടങ്ങളിൽ നിന്ന് 12 ഇടങ്ങളിലേക്ക് വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് പുതിയ സംവിധാനവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായി തിരക്കേറിയ സ്ഥലങ്ങളിൽ ജീവനക്കാരുടെ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർ ക്ഷമയോടെ സഹകരിക്കണമെന്നും, സംശയങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും മടിക്കരുതെന്നും മേയർ സ്കോട്ട് ഗില്ലിങ്ഹാം അഭ്യർത്ഥിച്ചു.

യാത്രക്കാർക്ക് Navigo ട്രിപ്പ് പ്ലാനറോ അല്ലെങ്കിൽ ട്രാൻസിറ്റ് ആപ്പോ ഉപയോഗിച്ച് യാത്രകൾ ആസൂത്രണം ചെയ്യാം. റൂട്ട് മാപ്പുകളും സേവന വിവരങ്ങളും സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.