എഡ്മിന്‍റൻ : പ്രവിശ്യയില്‍ സ്വതന്ത്ര ഏജന്‍സി പൊലീസ് സര്‍വീസ് (IAPS) സ്ഥാപിക്കാനുള്ള ആൽബർട്ട സര്‍ക്കാരിന്റെ വിവാദ പദ്ധതിയെക്കുറിച്ച് ഇന്ന് പുതിയ വിവരങ്ങൾ ലഭിക്കും. പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി പ്രീമിയർ ഡാനിയേൽ സ്മിത്തും പൊതുസുരക്ഷ, അടിയന്തര സേവന മന്ത്രി മൈക്ക് എല്ലിസും ബുധനാഴ്ച ഉച്ചകഴിഞ്ഞ് കാൽഗറിയിൽ എത്തും.
ഏപ്രിലിൽ സർക്കാർ ബിൽ 49 നിയമസഭയിൽ അവതരിപ്പിച്ചപ്പോഴാണ് ഈ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. നിയമം പാസായാൽ, കമ്മ്യൂണിറ്റികൾക്ക് അവരുടെ പൊലീസ് സേനയായി പുതിയ ഏജൻസിയെ തിരഞ്ഞെടുക്കാൻ അനുവദിക്കും. അതേസമയം ആൽബർട്ടയുടെ ഔദ്യോഗിക നിയമ നിർവ്വഹണ സേവനമായി ആർസിഎംപി തുടരും.

പുതിയ സേന രൂപീകരിക്കുന്നതോടെ നിയമ നിർവ്വഹണ ശേഷി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൈക്ക് എല്ലിസ് പറഞ്ഞിരുന്നു. ആർസിഎംപിയുടെ ചിലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതും അടിയന്തിര സേവന നമ്പറിൽ വിളിച്ചതിന് ശേഷം ആൽബർട്ട നിവാസികൾ സഹായത്തിനായി വളരെ നേരം കാത്തിരിക്കേണ്ടി വരുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറയുന്നു.