ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി മലയാളി വേരുകളുള്ള ഒരു ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നു. നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോന് 2026 ജൂണില്‍ എക്സ്പെഡിഷന് 75 എന്ന ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്കപുറപ്പെടും. കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലായിരിക്കും അനില്‍ മേനോന്റെ ഈ ചരിത്രപരമായ യാത്ര.
അമേരിക്കന്‍ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമാണ് ഡോ. അനില്‍ മേനോന്. 2021ലാണ് അനില്‍ മേനോന് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ യാത്രികരായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പമാണ്അനില് മേനോന്റെ യാത്രയെന്ന് നാസ അറിയിച്ചു. എട്ട് മാസം നിലയത്തില്‍ ചിലവഴിക്കും.

അനിലിന്റെ അച്ഛന് മാധവ് മേനോന് മലയാളിയും അമ്മ യുക്രയ്ന് സ്വദേശിയുമാണ്. അനില്‍ കുറെ കാലം അമേരിക്കന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. പിന്നീട് സ്പേസ് എക്സില്‍ ഫ്ളൈറ്റ് സര്ജന് ആയി. ഭാര്യ അന്ന മേനോന് സ്പേസ് എക്സില്‍ ലീഡ് സ്പെയ്സ് ഓപ്പറേഷന്‍സ് എന്‍ജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്. ഭാര്യ അന്ന മേനോന് കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തില്‍ പങ്കെടുത്തിരുന്നു. അനില്‍ മേനോനും സ്പേസ് എക്സില്‍ ജോലി ചെയ്തിട്ടുണ്ട്. 2024-ല്‍ മേനോന് 23-ാമത് ബഹിരാകാശയാത്രിക ക്ലാസില്‍ നിന്ന് ബിരുദം നേടി. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ ആദ്യത്തെ ബഹിരാകാശ നിലയ ദൗത്യത്തിനായി തയ്യാറെടുക്കുകയായിരുന്നു.
മിനിയാപൊളിസില്‍ ജനിച്ചുവളര്‍ന്ന അനില്‍ മേനോന്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദവും, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, വൈദ്യശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. നാസയില്‍ ഫ്ലൈറ്റ് സര്‍ജനായി സേവനമനുഷ്ഠിക്കവെ 2021-ലാണ് അനില്‍ മേനോന് ബഹിരാകാശ ഏജന്‍സിയുടെ ആസ്ട്രോനോട്ടായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് 2024-ല്‍ ആസ്ട്രോനോട്ടായി പരിശീലനം പൂര്‍ത്തിയാക്കി. ദീര്‍ഘകാലം യുഎസ് വ്യോമസേനയില്‍ ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ 2 ദൗത്യത്തിലടക്കം ഫ്ലൈറ്റ് സര്‍ജനായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.