കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ മാറി. റഷ്യയുടെ ഈ നീക്കം ‘ധീരമായ തീരുമാനം’ എന്ന് വിശേഷിപ്പിച്ച് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി രംഗത്തെത്തി. വ്യാഴാഴ്ച കാബൂളില്‍ വെച്ച് അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താലിബാന്‍ ഭരണകൂടമായ ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ നെ അംഗീകരിക്കുന്ന റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഷിര്‍നോവ് ഔദ്യോഗികമായി അറിയിച്ചത്.
പരസ്പര ബഹുമാനത്തിലൂടെയും മികച്ച ഇടപെടലിലൂടെയും പുലര്‍ന്ന പോസിറ്റീവ് ആയൊരു തുടക്കമാണിതെന്നും മറ്റ് രാജ്യങ്ങള്‍ക്കും ബന്ധം മാതൃകയായിരിക്കുമെന്നും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു. താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.

2021-ല്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷവും അഫ്ഗാനിസ്ഥാനിലെ എംബസി അടയ്ക്കാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. 2022-ല്‍ താലിബാനുമായി ഒരു അന്താരാഷ്ട്ര സാമ്പത്തിക കരാറില്‍ ഒപ്പുവെച്ച ആദ്യ രാജ്യവും റഷ്യയായിരുന്നു. ഈ കരാര്‍ പ്രകാരം അഫ്ഗാനിസ്ഥാന് എണ്ണ, വാതകം, ഗോതമ്പ് എന്നിവ നല്‍കാന്‍ റഷ്യ സമ്മതിച്ചു.
2022 ലും 2024 ലും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന റഷ്യയുടെ പ്രധാന സാമ്പത്തിക ഫോറത്തില്‍ താലിബാന്‍ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. സംഘത്തിലെ ഉന്നത നയതന്ത്രജ്ഞന്‍ കഴിഞ്ഞ ഒക്ടോബറില്‍ മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ കണ്ടിരുന്നു. 2024 ജൂലൈയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ താലിബാനെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ സഖ്യകക്ഷി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
അതേ വര്‍ഷം ഏപ്രിലില്‍ താലിബാനെ റഷ്യയിലെ സുപ്രിംകോടതി ‘തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിക്കുന്നത്.