ജനീവ : ഫ്രാൻസ്, സ്‌പെയിൻ, പോർച്ചുഗൽ അടക്കമുള്ള രാജ്യങ്ങളിൽ താപനില റെക്കോർഡുകൾ ഭേദിച്ചതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിൽ സാധാരണ താപനിലയേക്കാൾ 9 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി. പടിഞ്ഞാറൻ മെഡിറ്ററേനിയൻ, പ്രത്യേകിച്ച് ഫ്രാൻസിന്റെ തെക്കൻ ഭാഗങ്ങളിൽ, ചൂട് ഏറ്റവും രൂക്ഷമാണ്.
തിങ്കളാഴ്ച നിരവധി ഫ്രഞ്ച് നഗരങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിനും മുകളിൽ താപനില രേഖപ്പെടുത്തിയാതായി മെറ്റിയോ ഫ്രാൻസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പാരിസിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൂടിനെ നേരിടാൻ പര്യാപ്തമായ പൊതുഗതാഗത സംവിധാനങ്ങളോ എസി സൗകര്യങ്ങളോ യൂറോപ്പിൽ പലയിടത്തും ലഭ്യമല്ല.

സ്പെയിനിലെ എൽ ഗ്രനാഡോയിൽ ഞായറാഴ്ച 46 ഡിഗ്രി സെൽഷ്യസും (ജൂണിലെ പുതിയ ദേശീയ റെക്കോർഡ്) പോർച്ചുഗലിലെ മോറയിൽ 46.6 ഡിഗ്രി സെൽഷ്യസും (ജൂണിലെ പുതിയ ദേശീയ റെക്കോർഡ്) രേഖപ്പെടുത്തി. പാരിസ് ഉൾപ്പെടെ 16 ഫ്രഞ്ച് പ്രവിശ്യകളിൽ റെഡ് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലുണ്ട്. യു.കെ.യിലും താപനില 32 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി.