ലണ്ടൻ : മുൻ ആഴ്സണൽ ഫുട്ബോൾ താരം തോമസ് പാർടെക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS). 2021-ലും 2022-ലുമായി മൂന്ന് വ്യത്യസ്ത സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബലാത്സംഗവും ലൈംഗികാതിക്രമവും ഉൾപ്പെടെ ആറ് വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് പാർടെ, വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാകും. കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് സിപിഎസ് പ്രതിനിധി ജസ്വന്ത് നർവാൾ അറിയിച്ചു.

ഘാനയിലെ ക്രൊബോ സ്വദേശിയായ പാർടെ 2012 ൽ അത്ലറ്റികോ മാഡ്രിഡിലൂടെയാണ് സീനിയർ ടീമിനായി അരങ്ങേറുന്നത്. ലോണിൽ മയോർക്കക്കും ലെഗാനസിനും വേണ്ടി കളിച്ച താരം 2020 ൽ ആഴ്സണലിലേക്ക് കൂടുമാറി. ഘാനക്കായി 53 മത്സരങ്ങൾ കളിച്ച പാർടെ 15 ഗോളുകൾ നേടിയിട്ടുണ്ട്.